2018, ജൂലൈ 19, വ്യാഴാഴ്‌ച

"മാനം"


                                                             

                                       ഇതൊരു പോസ്റ്മോഡേൺ  കഥയാണ്. ഈ കഥയിലെ നായകൻ അഥവാ കഥാനായകന് ഒരു പേര്  അനിവാര്യമായതുകൊണ്ട് മാത്രം നമുക്കവനെ ബാബു എന്നു വിളിക്കാം. ഈ പോസ്റ്മോഡേൺ കഥയിൽ ഇങ്ങനെയൊരു പേരോ എന്ന് നെറ്റി ചുളിക്കുന്നവരോട് "വെയ്റ്റ് ആൻഡ് സീ" എന്ന് മാത്രം പറഞ്ഞുകൊണ്ട് നമുക്കു കഥയിലേക്ക്  കടക്കാം .........

                                        ബാബു സുന്ദരനും സുശശീലനും ദൈവവിശ്വാസിയുമാണെന്ന് പറഞ്ഞാൽ ഒരു പ്രശ്നമുണ്ട്... ബാബു ഒരു ഉന്നതകുലജാതനാണെന്ന് നിങ്ങൾ വിചാരിക്കും... ഇനി ബാബു അല്പസ്വല്പം ഇരുണ്ട നിറമുള്ളവനും കപ്പടാ മീശയുള്ളവനുമാണെന്നു പറഞ്ഞാലോ, ഉടനെ തന്നെ അവനെ ദളിതനാക്കും. അതുകൊണ്ടു വായനക്കാരുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് ബാബുവിനെ ബാബ്വെട്ടൻ , ബാബുക്ക, ബാബുച്ചായൻ, ബാബുജി, ബാബുസാർ, സഖാവ് ബാബു, മ്മ്ടെ ബാബു ഇത്യാദി വിശേഷണങ്ങൾ കൊണ്ട് അലങ്കരിക്കാവുന്നതാണ്.

                                        ഞാൻ ആദ്യമേ പറഞ്ഞല്ലോ, ഇതൊരു പോസ്റ്മോഡേൺ കഥയാണെന്ന്. എന്തായാലും ഈ കഥ എഴുതുന്നയാൾ അഥവാ, കഥാകൃത്ത് എന്ന ഞാൻ (ഉത്തരാധുനികമായതു കൊണ്ട് അല്പം വിനയം കലർന്ന അഹംഭാവം ആവാം....) മലയാളി ആയതു കൊണ്ടും ഈ കഥ മലയാളത്തിലായതുകൊണ്ടും ബാബു ഒരു മലയാളി ആണ്...... സോറി..ഒരു കാര്യം പറയാൻ മറന്നു പോയി...ബാബു ഒരു മനുഷ്യനും കൂടിയാണ് (ഇത് പറയാൻ വൈകിയതിന്റെ പേരിൽ എന്നെ മാധ്യമ വിചാരണ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു).

                                         മറ്റെല്ലാവരെയും പോലെ ബാബു ജനിച്ചു, വളർന്നു, ഉണ്ടു, കാഷ്ഠിച്ചു (ക്ഷമിക്കണം, ട്രോളരുത്... തൂറി എന്നെഴുതണമെന്നുണ്ട്... പക്ഷെ, അശ്ലീലമാണോ എന്നൊരു സംശയം), കൊണ്ടു, കൊടുത്തു, പറ്റിച്ചു, പറ്റിക്കപെട്ടു, പഠിപ്പിക്കാൻ ശ്രമിച്ചു, പഠിച്ചു, പരാജയപ്പെടുത്തി, പരാജയപ്പെട്ടു... അങ്ങനെ പത്തുമുപ്പത്തഞ്ചു വയസായ സമയം (നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറിയ സമയം)..... ഒരു അവധി ദിവസമാണ്. കയ്യിൽ ഒരു കപ്പു കട്ടൻ ചായയുമായി അതിരാവിലെ ഏതാണ്ട്  11 മണിക്ക് വീടിന്റെ ഉമ്മറത്ത് ഇരിക്കുകയാണ്. തലേദിവസത്തെ ബോസ്സിന്റെ "മണിപ്രവാളം" ഓർത്തിട്ടാണോ എന്നറിയില്ല, ഒരു എക്കിട്ടം അടിവയറ്റിൽ നിന്നും ഉരുണ്ടു പിടഞ്ഞു തൊണ്ടക്കുഴിയിലൂടെ ഇരച്ചു കയറി വായിലൂടെ പുറത്തുവന്നു. ഈ വിഹ്വലത കണ്ടിട്ട്, ഒരു മണികണ്ഠനീച്ച തന്റെ സ്വാഭാവിക പരാബോളിക് പാതയിലെ ചംക്രമണത്തിൽ നിന്നും വിരമിച് ഒരു ഹെലികോപ്റ്റർ ഹോവെറിങ് നടത്തി.. പെട്ടെന്നാണത് സംഭവിച്ചത്.. ബാബുവിന്റെ വലതു ചെവിയിൽ ശക്തമായ ഒരു കാറ്റടിക്കുന്നതായി അനുഭവപ്പെട്ടു... ഒപ്പം ഒരു മൂളക്കവും.. ഏതാണ്ട് ഒരു മിനിട്ടു നീണ്ട കമ്പനത്തിനു ശേഷം ചെവി സാധാരണ നിലയിലായപ്പോൾ ബാബു ചുറ്റിലും നോക്കി... വരാന്തയിൽ ഒരു ക്രിക്കറ്റ് ബോളിന്റെ വലിപ്പത്തിൽ തുണി ചുറ്റി ഉണ്ടാക്കിയ ഒരു പന്ത്.. സമീപത്തായി ആ മണികണ്ഠനീച്ചയുടെ ചതഞ്ഞരഞ്ഞ അവശിഷ്ടവും..

                                           ബാബു മുൻവശത്തെ റോഡിലും സമീപത്തും നോക്കി. ഒരു ജീവിയേയും കാണ്മാനില്ല. എക്സിസ്റ്റൻസ് തിയറി അനുസരിച്ചു ഒരു വസ്തു ഒരു പ്രത്യേക സ്ഥലത്തു സ്ഥിതി ചെയ്യണമെങ്കിൽ അതിനു തക്കതായ കാരണം ഉണ്ടാകേണ്ടതാണ്. അതായത്, ഈ വസ്തു ഉണ്ടാക്കിയതാര്, കൊണ്ടുവന്നതാര് അല്ലെങ്കിൽ എന്ത്, എന്തിന് തുടങ്ങിയ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം കിട്ടേണ്ടതുണ്ട് . കഴിഞ്ഞ ഒരു മാസമായി വായിച്ചുകൊണ്ടിരുന്ന ഡോ: ബഡായു കടായി-യുടെ "നാലാം മാനവും സമയവും അവസ്ഥാന്തരങ്ങളും" എന്ന പുസ്തകത്തിന്റെ സ്വാധീനം മൂലമാകണം, ബാബുവിന്  കിട്ടിയത് പുതിയ ചിന്തകളാണ്... ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാൻ പോന്ന ചിന്തകൾ ! ! ! (സസ്പെൻസ് !!! - ഇതില്ലെങ്കിൽ പിന്നെന്തു ഉത്തരാധുനികം ???)


                                            ഡോ: ബഡായു കടായി-യുടെ പുസ്തകത്തിന്റെ പൊരുൾ ഇതാണ്.. ഐൻസ്റ്റീൻ പറഞ്ഞു വെച്ച നാലാം മാനത്തെ (4th Dimension) അതായത് ജ്യാമിതിയുടെ ത്രിമാനങ്ങൾക്കു പുറമെ സമയം എന്ന അക്ഷം (axis) കൂടിയുണ്ടാകാം എന്ന തത്വചിന്തയെ കുറച്ചുകൂടി വിപുലീകരിച്ചു ലോകത്തിലെ എല്ലാ സമസ്യകൾക്കും ഉത്തരം കണ്ടെത്തുക. അദ്ദേഹത്തിന്റെ ഈ  തിയറി അനുസരിച്ചു ലോകത്തു വർഗീയ കലാപങ്ങളും യുദ്ധങ്ങളും ഉണ്ടാകുന്നത് ഈ പറഞ്ഞ നാലാം മാനത്തിന്റെ കളി മൂലമാണത്രെ !! ഒന്നും മനസിലായില്ല, അല്ലേ?? ഫലകസിദ്ധാന്തം അഥവാ plate tectonics എന്ന് കേട്ടിട്ടില്ലേ..? ഇതനുസരിച്ചു ഭൗമോപരിതലം ഒഴുകി നടക്കുന്ന നിരവധി ഫലകങ്ങളുടെ ഒരു കൂട്ടമാണ്. ഈ ഫലകങ്ങളുടെ കൂട്ടിയിടി മൂലമാണ് ഭൂകമ്പം, അഗ്നിപർവ്വതസ്ഫോടനം മുതലായ പ്രതിഭാസങ്ങൾ ഉണ്ടാവുന്നത് . ഇനി പറയാൻ പോകുന്നത് ശ്രദ്ധിച്ചു കേൾക്കണേ.... ഡോ: കടായിയുടെ സിദ്ധാന്തപ്രകാരം നാലാം മാനമായ സമയവും ഏതാണ്ടിതുപോലെയാണ്. ഒഴുകി നടക്കുന്ന അനേകം സമയ -ഫലകങ്ങൾ. ഇതു തമ്മിൽ കൂട്ടിയിടിക്കുമ്പോൾ  ആണ് ഈ സ്വച്ഛസുന്ദരമായ ഭൂമിയിൽ പ്രശ്നങ്ങളുണ്ടാകുന്നത്.... (കഴിഞ്ഞ മാസം പ്രായപൂർത്തിയാകാത്ത തന്റെ വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി മാനം പോയതുകൊണ്ടാകാം,  ഡോ: കടായിക്ക് ഇപ്പോൾ അഞ്ചാം "മാന"ത്തെപ്പറ്റി പുസ്തകമിറക്കാൻ പരിപാടിയുണ്ടെന്നു പറയപ്പെടുന്നു).


                                         ഇനി ബാബൂസ് തിയറി എന്താണെന്ന് നോക്കാം. തന്റെ നേർക്ക് വന്ന പന്ത് ശരിക്കും ഈ സമയഫലകത്തിലേതു  അല്ല. മറിച്, വേറെ ഏതോ സമയഫലകത്തിൽ  (കാലഘട്ടത്തിൽ) നിന്നും എറിഞ്ഞ പന്താണ്.. ബാബു പിന്നൊന്നും നോക്കിയില്ല. നേരെ വച്ചു പിടിച്ചു മുഖപുസ്തകത്തിലേക്ക് ... തന്റെ ഉൽകൃഷ്ടമായ സിദ്ധാന്തം ഫേസ്ബുക്കിലെ "വിദഗ്ധ"രുടെഅഭിപ്രായത്തിനായ് സമർപ്പിച്ചു. നിമിഷങ്ങൾക്കകം ആ പോസ്റ്റ് അഞ്ചു മില്യൻ "ലൈക്കും" പത്തു മില്യൻ ഷെയറുമായി  ഹിറ്റും വൈറലും കടന്ന് ബാക്റ്റീരിയൽ വരെയായി.. ആരാധകരും സംഘടനകളും മാധ്യമങ്ങളും ഒന്നടങ്കം ബാബുവിനെയും തിയറിയേയും ഏറ്റെടുത്തു. അതിനിടയിൽ ചില തർക്കങ്ങളും ഉടലെടുത്തു. ഈ പന്ത് പണ്ട് ദ്രോണാചാര്യർ ദർഭ എറിഞ്ഞു കിണറ്റിൽ നിന്നും എടുത്ത പന്താണെന്നു ചിലർ.. അതല്ല, അന്തോണീസ് പുണ്യാളൻ ഉണ്ണിയേശുവിന് കളിക്കാൻ കൊടുത്ത പന്താണെന്നു വേറെ ചിലർ.. ഇതൊന്നുമല്ല പണ്ട് ജിന്നുകൾ കൂടോത്രത്തിനു ഉപയോഗിച്ചിരുന്ന പന്താണെന്നും പറഞ്ഞു മറ്റു ചിലർ. ചുരുക്കത്തിൽ പറഞ്ഞാൽ മനുഷ്യരായ മനുഷ്യരൊക്കെയും ഇതിന്റെ പേരിൽ ഫേസ്ബുക്കിലും വാട്സാപ്പിലും ന്യായീകരണങ്ങളും, എതിർവാദങ്ങളും, തുടർ-ന്യായീകരണങ്ങളുമായി മുന്നോട്ടു പോയി.. അവസാനം ബാബൂസ്  തിയറിയെ പറ്റി പഠിക്കുവാൻ വേണ്ടി  ഐക്യരാഷ്ട്രസഭ ഒരു സമിതിയെ നിയോഗിച്ചു. തലയ്ക്കകത്തു ആൾതാമസം ഉള്ളവരായതുകൊണ്ടാകാം ഒരാഴ്ചക്കുള്ളിൽ തന്നെ ബാബൂസ് തിയറിയെ പ്രഥമ-ദൃഷ്ട്യാ തന്നെ സമിതി തള്ളിക്കളഞ്ഞു.


                                    ഈ ആരവങ്ങളെല്ലാം കെട്ടടങ്ങിയതിനു ശേഷമാണ്‌ മറ്റൊരു കാര്യം എല്ലാവരും ശ്രദ്ധിച്ചത്. ആ ഒരു കൊല്ലം ലോകത്തു ഒരു വിധ കലാപങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടില്ല. വാട്സാപ്പിലെ യുദ്ധം തീർന്നിട്ട് വേണ്ടേ ശരിക്കും യുദ്ധത്തിന് പോകാൻ... ഇക്കാരണം കൊണ്ട് ആ വർഷത്തെ സമാധാനത്തിനുള്ള  നോബൽ സമ്മാനത്തിനുള്ള സാധ്യതാപട്ടികയിൽ ബാബുവിന്റെ പേരും ഇടം കണ്ടെത്തി. എതിരാളികളെ ബഹുദൂരം പിന്നിലാക്കികൊണ്ട് അവസാനം വിജയിയായി ബാബു തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷനേതാവും, മുഖ്യമന്ത്രിയും, പ്രധാനമന്ത്രിയും, രാഷ്ട്രപതിയും, അമേരിക്കൻ പ്രസിഡന്റുമടക്കം ലോക നേതാക്കൾ എല്ലാവരും തന്നെ ബാബുവിനെ അനുമോദനങ്ങൾ കൊണ്ട് മൂടി.


                                     അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഓസ്‌ലോയിലെ പ്രൗഢഗംഭീരമായ സദസ്സിനു മുമ്പിൽ വച്ച് ബാബു തന്റെ നോബൽ സമ്മാനം ഏറ്റുവാങ്ങി. ഒരു മിനിട്ടു നീണ്ടു നിന്ന കരഘോഷങ്ങൾക്കൊടുവിൽ നന്ദി പറയുവാൻ സ്റ്റേജിന്റെ മുന്നിലേക്ക് നടക്കുമ്പോളാണ്  ബാബു ആ കാഴ്ച കണ്ടത്. തന്റെ അയല്പക്കത്തെ പയ്യൻ.. അതും ഒരു നിക്കറുമിട്ടു... ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി.. അതെ.. അവൻ തന്നെ..

                                      അവന്റെ വലത്തേ കയ്യിൽ എന്താണ്...? അവൻ എന്താ ചെയ്യുന്നത്...? "എറിയല്ലേ........" എന്ന വാക്കു തൊണ്ടയിൽ കുരുങ്ങി... അപ്പോഴേക്കും പയ്യന്റെ വലതു കയ്യിലിരുന്ന പന്ത് ബാബുവിന്റെ ഇടത്തേ കണ്ണിനു താഴേക്ക് പതിച്ചിരുന്നു. വരാന്തയിലെ കസേരയിൽ നിന്നും താഴേക്കു വീഴുമ്പോൾ ആ പയ്യന്റെ ശബ്ദം വ്യക്തമായി മുഴങ്ങുന്നുണ്ടായിരുന്നു. "നീ നിന്റെ വീട്ടിലെ വേസ്റ്റ് വാരി എന്റെ വളപ്പിൽ ഇടും അല്ലേടാ  പന്നീ....... $#*&**&** "

എന്താണെന്നറിയില്ല.. ബാബുവിനപ്പോൾ  ഓർമ്മ വന്നത്  ഡോ: കടായിയുടെ അഞ്ചാം "മാനം" ആയിരുന്നു.

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ഒരു മീന്‍പിടുത്തത്തിന്റെ ഓര്‍മ്മയ്ക്ക്...




ചെറുപ്പത്തില്‍ വെച്ച് എന്റെ ഏറ്റവും വലിയ അഗ്രഹമെന്തായിരുന്നുവെന്നു വെച്ചാല്‍ .... ഒരു നല്ല മീന്‍പിടുത്തക്കാരനാവണം എന്നതായിരുന്നു... സത്യം!!! ഞങ്ങള്‍ വാപ്പാലശ്ശേരിക്കാര്‍ക്ക് മീന്‍പിടുത്തം എന്നു വച്ചാല്‍ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു കാര്യമാണ്. അതിനു ജാതിമതവര്‍ഗ്ഗവര്‍ണ്ണസാമ്പത്തിക വ്യത്യാസങ്ങളില്ല. ഊത്തലു കയറുന്ന ദിവസം ലീവെടുത്തു മീന്‍ പിടിക്കാന്‍ പോകുന്ന പിതാശ്രീയെ ഞാന്‍ ഒരു പാടു തവണ കണ്ടിട്ടുണ്ട്. ഈ മീന്‍പിടുത്തം എന്നൊക്കെ പറയുമ്പോള്‍ വല്ല കായലോ പുഴയോ അടുത്തുണ്ടെന്ന് തെറ്റിദ്ധരിക്കരുതേ... പുഞ്ചപ്പാടത്തിനു നടുവിലൂടെ വര്‍ഷത്തില്‍ ആറു മാസം മാത്രം കരകവിഞ്ഞൊഴുകുന്ന ഒരു ചെറിയ തോടും ചുറ്റിനുമുള്ള പാടശേഖരവും പിന്നെ ചില പ്രൈവറ്റ് കുളങ്ങളും ചേര്‍ന്നാല്‍ ഞങ്ങളുടെ ഫിഷിങിനുള്ള "കാച്ച്മെന്റ്" ഏരിയ ആയി.

കുത്തുവല, ഉടക്കുവല, ചൂണ്ടല്‍ മുതലായവയാണ് മീന്‍പിടുത്തത്തിനുള്ള പ്രധാന ഉപകരണങ്ങള്‍. ഇടത്തരം വണ്ണമുള്ള മുളക്കമ്പ് ചൂടാക്കി വളച്ച് വില്ലു പോലെയാക്കി അടിയില്‍ ഒരു കയറ് കെട്ടുന്നതോടെ കുത്തുവലയുടെ ചട്ടക്കൂടു റെഡി. അതില്‍ ഒരു വലയും ഫിറ്റ് ചെയ്ത് ഒത്ത നടുവില്‍ മറ്റൊരു വണ്ണം കുറഞ്ഞ മുളക്കമ്പ് (കുത്തുകോല്) കൂടി വച്ചു കെട്ടിയാല്‍ കുത്തുവലയായി. നിറയെ വെള്ളമുള്ള തോട്ടില്‍ ഒഴുക്കിനെതിരെ കുത്തുവല നാട്ടിയാണ് മീന്‍ പിടിക്കുക.

തോട് കരകവിഞ്ഞൊഴുകുന്ന സമയങ്ങളില്‍ ഉപയോഗിക്കുന്ന ഉപാധിയാണ് ഉടക്കുവല. രണ്ടു മൂന്നു മീറ്റര്‍ ഇടവിട്ട് കമ്പുകള്‍ നാട്ടി, അതില്‍ നീളത്തിലായി വല ഉറപ്പിക്കുന്നു. റിവേഴ്സ് ഗിയറില്ലാത്ത പാവം മീനുകള്‍ വലയിലെ ഉടക്കില്‍ പെട്ട് അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ കുടുങ്ങുന്നതാണ് ഈ രീതിയുടെ ശാസ്ത്രം. കീറിപ്പോയ കുത്തുവലയാണ് സാധാരണ ഉടക്കുവലയായി രൂപാന്തരം പ്രാപിക്കുന്നത്.

വലകള്‍ സ്വാഭാവികമായും അത്യാവശ്യം ആരോഗ്യമുള്ളവര്‍ക്ക് മാത്രം കൈകാര്യം ചെയ്യാന്‍ പറ്റുന്നതായതുകൊണ്ടും വിശിഷ്യാ, കുറച്ച് ചിലവുള്ള കാര്യമായതു കൊണ്ടും ഞങ്ങള്‍ പീക്കിരിപ്പിള്ളേരുടെ  ഏക മല്‍സ്യബന്ധനമാര്‍ഗ്ഗം ചൂണ്ടല്‍ അഥവാ ചൂണ്ടയാണ്. രണ്ടു രൂപക്കു കിട്ടുന്ന ടങ്കീസും ഇരുപത്തഞ്ചു പൈസക്കു കിട്ടുന്ന കൊളുത്തും പിന്നെ വാപ്പാലശ്ശേരിയില്‍ സുലഭമായ് കാണുന്ന പനയുടെ കൈയുമായാല്‍ (ചൂണ്ടക്കണ) ചൂണ്ട റെഡി. പനങ്കൈ വെട്ടി വെടിപ്പാക്കി വെയിലത്തു വച്ച് ഉണക്കിയെടുക്കുന്നതും അതില്‍ ടങ്കീസും കൊളുത്തും പൊങ്ങും കെട്ടുന്നതുമെല്ലാം ഒരു കല തന്നെയാണ്. സാധാരണ രീതിയില്‍ നല്ല ഒരു ചൂണ്ട തയ്യാറാക്കുവാന്‍ കഴിവുള്ളവര്‍ കുറച്ചു പേരേ കാണൂ. അതിലൊരാളായിരുന്ന അയല്‍ക്കാരനായ "സതീര്‍ത്യ"നായിരുന്നു എന്റെ ചൂണ്ടയുടെ ആര്‍ക്കിടെക്ട്.

പക്ഷേ എത്ര നല്ല ചൂണ്ടയായാലും അതുപയോഗിക്കുന്നവന്റെ കഴിവുപോലെയിരിക്കുമല്ലോ മീന്‍ കിട്ടുന്ന കാര്യം. ചുറ്റുമുള്ളവര്‍ കറൂപ്പും ബ്രാലു(വരാല്‍ )മൊക്കെ പട പടാന്നു വലിച്ചു കയറ്റുമ്പോളും പാവം ഞാന്‍ ഒന്നോ രണ്ടോ പരലുമായി ഇരിക്കുന്നുണ്ടാകും. പൊടിപ്പരലുമായി വീട്ടില്‍ ചെന്നു കയറുന്ന നാണക്കേടോര്‍ത്ത് പലപ്പോഴും സതീര്‍ത്ഥ്യന്മാരുടെ കൂടയില്‍ നിന്നും മോഷ്ടിക്കേണ്ടി വരെ  വന്നിട്ടുണ്ട് (ഇതു വായിക്കുന്ന സതീര്‍ത്ഥ്യര്‍ക്ക് എന്റെ വക രണ്ട് സ്പെഷ്യല്‍ സ്മൈലി :) :))



ഇങ്ങനെ മല്‍സ്യബന്ധനപ്രക്രിയയില്‍ അമ്പേ പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന സമയത്താണ് ഗള്‍ഫിലായിരുന്ന എന്റെ രണ്ട് കസിന്‍സ് സ്ഥിരതാമസത്തിനായി നാട്ടിലോട്ട് ലാന്‍ഡ് ചെയ്യുന്നത്. രണ്ടു പുതിയ കൂട്ടുകാരെ കിട്ടിയ എന്റെ സന്തോഷം പറ്റാത്തതായിരുന്നു. ഫസ്റ്റ് ഇമ്പ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇമ്പ്രഷന്‍ എന്നാണല്ലോ പ്രമാണം. അതുകൊണ്ട് വന്നിറങ്ങിയ ആദ്യ ദിവസം തന്നെ നാട്ടിലെ പല വീരകഥകളിലേയും നായകന്മാരുടെ തല വെട്ടി മാറ്റി പകരം എന്റെ തല വെച്ചൊട്ടിച്ച് അതിന്റെ പുറത്ത് അര ലോഡ് പൊടിപ്പും രണ്ട് ലോഡ് തൊങ്ങലും ചാര്‍ത്ത് ഞാന്‍ അവരുടെ മുമ്പില്‍ അവതരിപ്പിച്ചു. ഇടയില്‍ "ഫയങ്കരം", "ഫീകരം" ഇത്യാദി പദങ്ങളുപയോഗിച്ച് അവര്‍ പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരുന്നു.


അങ്ങനെ പറഞ്ഞ കഥയിലൊരെണ്ണം ഇങ്ങനെയായിരുന്നു- " ഞാന്‍ ഒരു ദിവസം ചൂണ്ടയിട്ടു മീന്‍ പിടിക്കുകയായിരുന്നു. അന്നെന്തോ കൂടെയുണ്ടായിരുന്നവരെല്ലാം പോയിക്കഴിഞ്ഞിട്ടും ഞാന്‍ കുറച്ചു നേരം കൂടി ചൂണ്ടയുമായി ഇരുന്നു. പെട്ടെന്നാണ് ചൂണ്ടയുടെ പൊങ്ങ് മണിക്കൂറില്‍ 100 കി.മീ. വേഗതയില്‍ താഴോട്ടു പോയത്. ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞൊരു വലി. നോക്കിയപ്പോള്‍ ഒരു വലിയ വരാല്‍ !!!! ഏകദേശം ഇത്രയും വരും." എന്നു പറഞ്ഞിട്ട് എന്റെ ഇടതു കൈ നിവര്‍ത്തി  വലതുകൈ കൊണ്ട് തോളില്‍ തൊട്ട് നീളം കാണിച്ചു കൊടുത്തു. എന്നിട്ടു തുടര്‍ന്നു. "അഞ്ചു ദിവസമാണ് അതു വച്ച കറി കൂട്ടിയത്..." ഇതു പോലുള്ള കഥകള്‍ കേട്ട് അവര്‍ ആശ്ചര്യത്തോടെയും ആരാധനയോടെയും മിഴിച്ചു നില്‍ക്കും.

പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഇതിന്റെ അപകടം എനിക്കു മനസ്സിലായി തുടങ്ങിയത്. എന്റെ വീരസ്യങ്ങള്‍ പലതും അവര്‍ക്കു നേരിട്ടു കാണണമത്രേ.. പ്രത്യേകിച്ചും രണ്ടാമത്തെ കസിനാണ് നിര്‍ബന്ധം. അതില്‍ പ്രഥമമായ ആവശ്യം ഫിഷിങ്ങാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ..

അങ്ങനെ എന്റെ ചൂണ്ടയും കൂട്ടുകാരില്‍ നിന്നു കടം വാങ്ങിയ രണ്ടു ചൂണ്ടയുമായി എന്റെ കസിന്‍സിന്റെ കേരളത്തിലെ ആദ്യത്തെ (അവസാനത്തെയും) മീന്‍പിടുത്തത്തിനായി വാപ്പാലശ്ശേരിയിലെ ചരിത്രമുറങ്ങുന്ന പുഞ്ചപ്പാടത്തേക്ക് ലെഫ്റ്റ് റൈറ്റ് പറഞ്ഞു നടന്നു നീങ്ങി. നയിക്കുന്നത് ഞാന്‍ തന്നെ. പോകുന്ന വഴിക്ക് ഇടയ്ക്കിടക്ക് ഞാന്‍ നില്‍ക്കും. എന്നിട്ട് തിരിഞ്ഞ് അവരോടായി പറയും. "ഇവിടെയാണ് കഴിഞ്ഞ ആഴ്ച ഒരു മൂര്‍ഖന്‍ പാമ്പിനെ തല്ലിക്കൊന്നത്, ഇന്നലെ ഒരു ചേനത്തണ്ടനെ അവിടെയാണ് കണ്ടത്". ഇതെല്ലാം കേട്ട് പേടിച്ച് തിരിച്ചു പോയാല്‍ അത്രയുമായി എന്നു ഞാന്‍ കരുതി. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ല എന്നവരുടെ മുഖഭാവം വെളിവാക്കി.

അങ്ങനെ നടന്നു നടന്നു ഞങ്ങള്‍ സ്പോട്ടില്‍ എത്തി. " ആദ്യം ഞാന്‍ കാണിച്ചു തരും എങ്ങനെ മീന്‍ പിടിക്കണമെന്ന്"- എന്നു പറഞ്ഞ്  ഞാന്‍ ഒരു പ്രൊഫഷണല്‍ മുക്കുവനെപ്പോലെ ചൂണ്ടക്കണ കൊണ്ട് വെള്ളത്തില്‍ ചെറുതായി ഞൊടിച്ചു. പിന്നെ ഇര കൊളുത്തി ചൂണ്ട വെള്ളത്തിലേക്കിട്ടു. അങ്ങനെ 10-15 മിനുറ്റുകള്‍ കടന്നുപോയെങ്കിലും ഒരൊറ്റ മീന്‍ പോലും തടഞ്ഞില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.. അവസാനം അക്ഷമരായി ഇരുന്ന രണ്ടു പേരും ചൂണ്ട വെള്ളത്തിലേക്കിട്ട് ഇരുപ്പായി. ഞൊടിയിടക്കുള്ളില്‍ തന്നെ രണ്ടുപേരും ഓരോ ഇടത്തരം കറൂപ്പിനെയും കൊണ്ടു വന്നു. ഇളിഭ്യനായി ഇരുന്ന എന്റെ മുഖത്തേക്ക് നോക്കിയ അവരുടെ മുഖഭാവം സത്യമായിട്ടും ഞാന്‍ ഓര്‍ക്കുന്നില്ല. രണ്ടു മണിക്കൂര്‍ നേരത്തെ ഫിഷിങ്ങിനു ശേഷം സ്കോര്‍ നില ഇങ്ങനെയായിരുന്നു- മൂത്ത കസിന്‍- 15 കറൂപ്പ്, 2 ബ്രാല്‍, 8 പള്ളത്തി; ഇളയ കസിന്‍-1൦ കറൂപ്പ്, 2 കുറുവപ്പരല്‍ , 5 പള്ളത്തി; ഞാന്‍- 4 പള്ളത്തി (അതും രണ്ടെണ്ണം ഇളയവന്റേന്ന് മോഷ്ടിച്ചതാണ്. ഭാഗ്യം !!! അവന്‍ കണ്ടില്ല)


അങ്ങനെ ഏറെക്കുറെ എന്റെ അവസ്ഥ മനസ്സിലാക്കിയ കസിന്‍സിനേയും കൊണ്ട് ഞാന്‍ തിരിച്ചു നടന്നു. പുഞ്ചത്തോടിന്റെ വരമ്പത്തു കൂടിയാണ് നടക്കുന്നത്. പെട്ടെന്നാണ് പുറകില്‍ ഒരു ശബ്ദം കേട്ടത്. "ബ്ലും" തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ഇളയവന്‍ വെള്ളത്തില്‍ വീഴുന്നതാണ്. പെട്ടെന്നു തന്നെ നിവര്‍ന്നെഴുന്നേറ്റ അവന്‍ തോട്ടില്‍ കിടന്ന് അലമുറയിട്ടു. " രക്ഷിക്കണേ... രക്ഷിക്കണേ... Help.. Help..." കണങ്കാല്‍ കഷ്ടിച്ച് കവര്‍ ചെയ്യാന്‍ മാത്രം വെള്ളമുള്ള തോട്ടില്‍ കിടന്ന് മുങ്ങിത്താഴാന്‍ പോകുന്നവന്റെ മുഖഭാവവുമായി അലമുറയിട്ടു കരഞ്ഞ അവനെക്കണ്ട് എനിക്ക് ചിരിയൊതുക്കാനായില്ല. അദ്യം അല്പം പേടിച്ചെങ്കിലും പിന്നീട് കാര്യം മനസ്സിലായ മൂത്തയാള്‍ എന്റെ കൂടെ പൂര്‍വ്വാധികം ശക്തിയോടെ ജോയിന്‍ ചെയ്തു. നിജസ്ഥിതി അറിഞ്ഞ് പാവം ഇളയവന്‍ പയ്യെ തോട്ടില്‍ നിന്നും കയറി വന്നു.

അതിനു ശേഷം ആദ്യം തന്നെ ചെയ്തത് ഒരു പുഞ്ചപ്പാടം ഉടമ്പടി ഉണ്ടാക്കുകയായിരുന്നു. ഇങ്ങനെയായിരുന്നു അതിന്റെ വ്യവസ്ഥ- അവന്‍ വെള്ളത്തില്‍ വീണ് അലമുറയിട്ട കാര്യം ഞാന്‍ ആരോടും പറയില്ല. പകരം എനിക്ക് 4 പള്ളത്തി മാത്രമേ കിട്ടിയുള്ളൂ എന്ന കാര്യം അവരും ആരോടും പറയില്ല..


ഒരു കാര്യം ആരോടും പറയരുതെന്നു പറഞ്ഞാല്‍, അത്ര തന്നെ... വേറൊരു മനുഷ്യനും ആ കാര്യം അറിയില്ല. ചെറുപ്പത്തിലേ തൊട്ട് എന്റെ ശീലം അങ്ങനെയാണ്. അതു കൊണ്ടാവണം രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ നടന്നു പോകുന്ന വഴിയിലെല്ലാം സൈഡില്‍ നിന്നും "രക്ഷിക്കണേ.. രക്ഷിക്കണേ.. " എന്ന വിളികള്‍ മുഴങ്ങിയത്. പാവം!!! ഇതെല്ലാം അവന്‍ കടിച്ചു പിടിച്ച് സഹിച്ചു. അല്ലാതെന്തു ചെയ്യാന്‍..


ഈ സംഭവമെല്ലാം കഴിഞ്ഞ് കുറേ നാളുകള്‍ക്കു ശേഷം അവനൊരു ചെറുകഥാമല്‍സരത്തില്‍ പങ്കെടുക്കാനിടയായി. അവനായിരുന്നു ഒന്നാം സമ്മാനവും!! 'ഒഴിവുകാലം'വിഷയമായിരുന്ന അ മല്‍സരത്തില്‍ ഈ കഥയായിരുന്നു അവനെഴുതിയത്. നിങ്ങള്‍ ഊഹിച്ച പോലെ തന്നെ ആ കഥയിലെ വില്ലന്‍ തീര്‍ച്ചയായും ഞാനായിരുന്നു.....



2011, മാർച്ച് 28, തിങ്കളാഴ്‌ച

ഏപ്രില്‍ഫൂളും വില്യംസേട്ടനും...


ഏപ്രില്‍ ഫൂള്‍ എന്നാല്‍ വാപ്പാലശ്ശേരിക്കാര്‍ക്ക് തികച്ചും ഉദ്വേഗജനകമായ ഒരു ദിവസമാണ്. തലേ ദിവസം അയയില്‍ ഉണക്കാനിട്ടിരുന്ന ഫോറിന്‍ മാക്സി കയ്യാലപ്പടിക്കല്‍ ബൊമ്മയ്ക്ക് വസ്ത്രമാകുന്നതും, രാവിലെ ചായക്കട തുറക്കാനെത്തുന്ന അരണഗോപാലന്‍ ചേട്ടന്റെ കടയുടെ മുമ്പില്‍ അരണയെ കെട്ടിയിടുന്നതും, കൊച്ചുവെളുപ്പാന്‍കാലത്ത് പള്ളിയില്‍ പോകുന്ന അമ്മച്ചിമാരെ പേടിപ്പിക്കാന്‍ വഴിയില്‍ ചുവന്ന ചായം തേച്ച കത്തി കുത്തി നിര്‍ത്തിയ വാഴപ്പിണ്ടികള്‍ സ്ഥാപിക്കുന്നതും അന്നേ ദിവസമാണ്. ഇതൊരു പതിവായപ്പോള്‍ മാര്‍ച്ച് 31-ന് വാപ്പാലശ്ശേരിക്കാര്‍ വീടിനു പുറത്ത് ഒരു വിധത്തിലുള്ള സാധനങ്ങളും വയ്ക്കാതെയായി. ഇതിനെല്ലാം പിന്നില്‍ കയ്യാലപ്പടിയിലെ തലതൊട്ടപ്പന്മാരാനെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

എന്നാല്‍ ഇതിനെയെല്ലാം വെല്ലു വിളിക്കാന്‍ ഒരാള്‍ മാത്രം മുന്നോട്ടു വന്നു. പ്രീമിയര്‍ കേബിള്‍സില്‍ ജോലി ചെയ്യുന്ന വില്യംസേട്ടനായിരുന്നു അത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം!! കയ്യാലപ്പടിയിലിരിക്കുന്ന യുവജനവിഭാഗത്തെ എന്നും വിമര്‍ശിക്കുകയും ശാസിക്കുകയും ചെയ്യുക, എന്നിട്ടും ഫലം കണ്ടില്ലെങ്കില്‍ അവരുടെ അപ്പന്മാരുടെ അടുത്ത് പിള്ളേരെ മര്യാദക്ക് വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വാചാലനാകുക, അതിനു വേണ്ടി തന്റെ മകന്‍ ജിന്റോയെ കണ്ടു പഠിക്കാന്‍ പറയുക തുടങ്ങിയ കാര്യങ്ങള്‍ ഹോബിയായി കണ്ടിരുന്ന വില്യംസ് ചേട്ടന്‍ മാര്‍ച്ച് 31-ന് കയ്യാലപ്പടിക്കല്‍ വന്ന് അലറി. "നെനക്കൊക്കെ ധൈര്യോണ്ടെങ്കി, എന്റെ വീട്ടീന്നൊര് വള്ളിനിക്കറെങ്കിലും പൊക്കടാ..." എന്നിട്ട് തന്റെ BSA സൈക്കിള്‍ യമഹയാക്കി ഒരൊറ്റ പോക്ക്...

പിറ്റേ ദിവസം കയ്യാലപ്പടിക്കല്‍ വാപ്പാലശ്ശേരിക്കാര്‍ കണ്ടത് ഒരു വലിയ വള്ളിനിക്കറാണ്. പന്തീരായിരത്തി ചില്ല്വാനം തുളകളുണ്ടായിരുന്ന അതിനു കീഴെ "വില്യംസേട്ടന്റെ വള്ളിനിക്കര്‍ " എന്ന് പ്രത്യേകം കുറിച്ചു വച്ചിരുന്നു. ഇതോടെ ഒന്നൊതുങ്ങിയ വില്യംസേട്ടന്‍ പ്രത്യക്ഷ ആക്രമണങ്ങള്‍ ഒഴിവാക്കിയെങ്കിലും, പിള്ളാരുടെ വീടുവീടാന്തരം കയറിയിറങ്ങിയുള്ള കൗണ്‍സലിങ്ങ് നിര്‍ബാധം തുടര്‍ന്നു പോന്നു.

കഴിഞ്ഞ വര്‍ഷം ഇങ്ങനെ സംഭവബഹുലമായതുകൊണ്ടു തന്നെ, ഇത്തവണത്തെ ഏപ്രില്‍ ഫൂള്‍ എന്താവുമെന്നറിയാന്‍ വാപ്പാലശ്ശേരിക്കാര്‍ കൗതുകപൂര്‍വ്വം കാത്തിരുന്നു. പതിവുപോലെ നേരം വെളുത്തു. കോഴി കൂവി. അരണഗോപാലന്‍ ചേട്ടന്‍ ചായക്കട തുറന്നു. പെണ്ണുങ്ങള്‍ ഉടുത്തൊരുങ്ങി പള്ളിയിലേക്കിറങ്ങി (പള്ളിയില്‍ പോകുന്നവരുടെ എണ്ണം പതിവില്‍ കവിഞ്ഞ് അല്പം കൂടുതലാണോ എന്ന് സംശയം. പല്ലു തേയ്ക്കാതെ കുര്‍ബാന സ്വീകരിക്കാന്‍ വരരുതെന്ന് വികാരിയച്ചന്‍ പറഞ്ഞതിന്റെ പേരില്‍ ഇനി പള്ളിയിലേക്കേ പോകുന്നില്ല, എന്നു ശപഥം ചെയ്ത 'തണ്ടുത്രേസ്യ' വരെ കൂട്ടത്തിലുണ്ട്). ട്രാന്‍സ്ഫോര്‍മര്‍ വളവു തിരിഞ്ഞ് മുന്നോട്ട് നടന്നാല്‍ കയ്യാലപ്പടിയായി. കൂട്ടത്തിലുള്ള പലരും തങ്ങള്‍ ദര്‍ശിക്കാന്‍ പോകൂന്ന കൗതുകകരമായ കാഴ്ചയെക്കുറിച്ച് ആലോചിച്ച് അമ്പതു ശതമാനം വളവെത്തുന്നതിനു മുമ്പേ ചിരിച്ചു വച്ചു. വളവു തിരിഞ്ഞ് പലരും കയ്യാലപ്പടിയിലേക്ക് ഓടുകയായിരുന്നു... "ഠിം". എല്ലാ എക്സൈറ്റ്മെന്റുകളും അവിടെ അവസാനിച്ചു. എന്നത്തെയും പോലെ കയ്യാലപ്പടി.. "ടീ.. എല്‍സീ.., എന്റെ കാലിലെന്തോ മസ്സിലു കേറിയ പോലെ.." ത്രേസ്യാ ചേച്ചി അപ്പോള്‍ തന്നെ പീച്ചേ മൂട്ട് അടിച്ചു. വഴിയിലെങ്ങും പ്രത്യേകിച്ചൊരു ഏപ്രില്‍ ഫൂള്‍ വിശേഷവും കാണാതെ പെണ്ണുങ്ങള്‍ നിരാശാപൂര്‍വ്വം പള്ളിയില്‍ പോയി തിരിച്ചെത്തി.

എന്നാല്‍ കുറച്ചു സമയത്തിനു ശേഷം ചൂടുള്ള ആ വാര്‍ത്തയുമായി വില്യംസ് ചേട്ടന്‍ സൈക്കിളില്‍ പാഞ്ഞെത്തി. " സംഭവം അറിഞ്ഞോ.. നമ്മ്ടെ ചാത്തന്‍ വര്‍ഗ്ഗീസേട്ടന്റെ ഗേറ്റ് ആരോ എടുത്ത് മാറ്റി അപ്പര്‍ത്തെ എടവഴീല് വച്ചേക്കണ്. ആ പിള്ളേര് തന്നെയാവുള്ളൂ" കേട്ടവര്‍ കേട്ടവര്‍ വര്‍ഗ്ഗീസേട്ടന്റെ വീട്ടിലേക്കു പാഞ്ഞു.  സംഗതി ശരിയാണ്. അറുപിശുക്കനായ വര്‍ഗ്ഗീസേട്ടന്‍ 'വെറും' പത്തു കൊല്ലത്തെ ഇടവേളക്കു ശേഷം പെയിന്റടിച്ച് കുട്ടപ്പനാക്കി വച്ചിരുന്ന ഗേറ്റാണ്, അപ്പുറത്ത് മാറ്റി വെച്ചിരിക്കുന്നത്. "പണ്ടൊക്കെ ഏപ്രില്‍ ഫൂളിന് ഇത്താക്കു വല്ല്യപ്പന്‍ വന്ന് എല്ലാ വീടിന്റേം മുമ്പീ ഒരു കഷ്ണം പേപ്പര്‍ല് ഏപ്രില്‍ ഫൂള്‍ന്ന് എഴുതിയിടും. ഇതിപ്പോ അങ്ങനെ വല്ലതുമാണോ... അധികപ്രസംഗികള്‍!! " കൂട്ടത്തില്‍ നിന്ന് വില്യംസേട്ടന്‍ ഒരു സൈഡമിട്ട് പൊട്ടിച്ചു. കാര്യം വെറൈറ്റിയാണെങ്കിലും അല്പം കടന്ന കയ്യായിപ്പോയെന്ന് എല്ലാവരും സമ്മതിച്ചു. പിള്ളേരോട് ഇടഞ്ഞിട്ടു കാര്യമില്ലെന്നു കരുതിയ വര്‍ഗ്ഗീസേട്ടന്‍ കയ്യാലപ്പടിക്കല്‍ വന്ന് അപേക്ഷിച്ചു. "ദയവു ചെയ്ത് നിങ്ങളാ ഗേറ്റ് തിരിച്ചു വയ്ക്കണം. പക്ഷേ, അപ്പോള്‍ ചര്‍ച്ച ചെയ്തിരുന്ന വിഷയത്തിന്റെ (ഷക്കീല അഭിനയം തുടരണോ വേണ്ടയോ?) കാലിക പ്രസക്തി മൂലമാണോ എന്നറിയില്ല, കയ്യാലപ്പടിക്കലെ തലതൊട്ടപ്പന്മാര്‍ ഇത് കേട്ടതേയില്ല. ആയതിനാല്‍ , വര്‍ഗ്ഗീസേട്ടന്റെ ഗേറ്റ് ഇടവഴി വിട്ട് തിരികെ പോകാന്‍ കൂട്ടാക്കിയില്ല.

ദിവസ്സങ്ങള്‍ കഴിഞ്ഞു. ഗേറ്റ് താന്‍ എടുത്തു വയ്ക്കുന്ന പ്രശ്നമില്ലെന്ന് വര്‍ഗ്ഗീസേട്ടനും ഇങ്ങനെയൊരു സംഭവം നടന്നതില്‍ തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് പിള്ളാരും പത്രക്കുറിപ്പിറക്കി. അങ്ങനെയിരിക്കെയാണ് വില്യംസേട്ടന്‍ പുതിയ ഐഡിയയുമായി വര്‍ഗ്ഗീസേട്ടനെ സമീപിച്ചത്. ഐഡിയയുടെ ഒബ്ജക്റ്റീവ് ഇതാണ്- 'കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കുക'. അതുപ്രകാരം വര്‍ഗ്ഗീസേട്ടന്‍ കയ്യാലപ്പടിക്കല്‍ വന്നു പ്രഖ്യാപിച്ചു- "ഞാന്‍ പോലീസ്റ്റേഷനീ ചെന്ന് ഒരു പെറ്റീഷന്‍ കൊടുക്കാന്‍ പോകാണ്." എന്നിട്ട് കയ്യിലിരിക്കുന്ന കവര്‍ ഉയര്‍ത്തിക്കാണിച്ചു. "ഇന്നു മൂന്നുമണിക്കു മുമ്പ് ഗേറ്റ് തിരിച്ചു വച്ചില്ലെങ്കീ ഇതു ഞാന്‍ കൊടുക്കേണ്ടിടത്ത് കൊടുക്കും." സംഗതി പിശകാണെന്ന് പിള്ളേര്‍ക്ക് ബോധ്യമായി. ഉടനെ തന്നെ ഒരു എക്സിക്യൂട്ടീവ് കൂടി ഗേറ്റ് തിരിച്ചുവെക്കാന്‍ ധാരണയായി.

കുറെ നാളുകള്‍ക്ക് ശേഷം പിള്ളേര്‍ക്കെതിരെ ഒരു നല്ല ആയുധം കിട്ടിയത് വില്യംസേട്ടന്‍ നന്നായി മുതലാക്കി. വാപ്പാലശ്ശേരിയിലെ എല്ലാ വീടുകളും കയറിയിറങ്ങിയ ടിയാന്‍ (കടപ്പാട്: വി. കെ. എന്‍.) പിള്ളേര്‍ വന്ന് ഗേറ്റ് തിരികെ വയ്ക്കുന്ന അസുലഭ ദൃശ്യം കാണുവാനുള്ള അവസരം പാഴാക്കരുതെന്ന് ഉദ്ബോധിപ്പിച്ചു.

സാമാന്യം നല്ല ഒരു ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തിക്കൊണ്ട്, ഗേറ്റ് എടുത്തു വയ്ക്കാന്‍ കയ്യാലപ്പടിയിലെ പിള്ളേര്‍ വന്നെത്തി. പിള്ളേരെ കണ്ടതും നാട്ടുകാര്‍ ഒന്നു ഞെട്ടി!!!  സംഘത്തെ നയിക്കുന്നത് മറ്റാരുമല്ല, വില്യംസേട്ടന്റെ മൂത്തമകന്‍ ജിന്റോ... ആ 'അസുലഭ ദൃശ്യം' കണ്ടു മതിയായതുകൊണ്ടാണോ എന്നറിയില്ല, 'ഇവര്‍ക്കൊന്നും വേറെ പണിയില്ലേ' എന്ന അര്‍ത്ഥത്തില്‍ ഒരു നോട്ടമെറിഞ്ഞിട്ട് വില്യംസേട്ടന്‍ തന്റെ സൈക്കിള്‍ എടുത്ത് കുറഞ്ഞപക്ഷം ഒരു ഹാര്‍ലി ഡേവിസണെങ്കിലുമാക്കിയിട്ട് ഒരൊറ്റ പോക്ക്.........

2010, ഡിസംബർ 23, വ്യാഴാഴ്‌ച

'പുല്ല്കൂട്'

ഡിസംബര്‍ ഇപ്പോള്‍ പഴയ ഡിസംബര്‍ അല്ല. മരം കോച്ചുന്ന തണുപ്പോ മഞ്ഞു പെയ്യുന്ന പ്രഭാതങ്ങളോ ഇല്ല. പകരം, മൂടിക്കെട്ടിയ ആകാശവും, ഇടയ്ക്കിടെ പെയ്യുന്ന ചാറ്റല്‍ മഴയും മഴയില്ലാത്ത സമയങ്ങളില്‍ അസഹ്യമായ ചൂടും ചേര്‍ന്ന് ഇതു വരെ പരിചിതമല്ലാത്ത ഒരു കാലാവസ്ഥ. ക്രിസ്തുമസ്സ് അവധിക്കായി നാട്ടിലെത്തിയ എനിക്ക് മരുഭൂമിയിലെ ചൂടും നാട്ടിലെ അവസ്ഥയുമായി വലിയ വ്യത്യാസമൊന്നും അനുഭവപ്പെട്ടില്ല, ഇടയ്ക്കുള്ള കാലം തെറ്റിയ മഴയൊഴിച്ചാല്‍ ...

ഇന്നു ഡിസംബര്‍ ഇരുപത്തിനാലാം തീയതിയാണ്. ഒരു പാടു നാളുകള്‍ കൂടി ക്രിസ്തുമസ്സ് നാട്ടില്‍ ആഘോഷിക്കുകയാണ്. അതുകൊണ്ടു തന്നെ ഇത്തവണ ആഘോഷങ്ങളൊക്കെ ഗംഭീരമാക്കണം. രാവിലെ തന്നെ ടൗണിലോട്ടിറങ്ങി. പുല്‍ക്കൂടിനും ട്രീയ്ക്കും വേണ്ട സാധനങ്ങളൊക്കെ വാങ്ങി വണ്ടിയിലോട്ടു വക്കുന്ന സമയത്താണ്, കൈത്തണ്ടയിലൊരു തോണ്ടല്‍ ... ഏകദേശം പത്തു വയസ്സ് തോന്നിക്കുന്ന ഒരു തമിഴ് ബാലന്‍ ... " അയ്യാ.. 'പുല്ല്കൂട്' വേണമാ...? ഇരുന്നൂറു റൂപാ കൊടുത്താല്‍ പോതും.." ഞാന്‍ അവന്റെ കയ്യിലോട്ടു നോക്കി. ഈറ്റ കൊണ്ടു വളച്ചു കെട്ടി മനോഹരമായി തയ്യാറാക്കിയ ചെറിയ പുല്‍ക്കൂടുകള്‍ ഇരു കയ്യിലും കോര്‍ത്തിട്ടിരിക്കുന്നു. പോരാത്തതിന് തോളില്‍ വള്ളി കെട്ടിയ ഒരു ചാക്കുസഞ്ചിയും. അതിലും 'പുല്ല്കൂടു'കളായിരിക്കണം. ആദ്യം ദേഷ്യമാണ് തോന്നിയത്. സ്വന്തമായി മരക്കൊള്ളി(കപ്പ)യുടെ കമ്പ് വച്ചുകെട്ടി പുല്‍ക്കൂടുണ്ടാക്കുന്നതിന്റെ ത്രില്ല് കളയാന്‍ റെഡിമെയ്ഡ് പുല്‍ക്കൂടുകളുമായി നടക്കുന്നു. മുല്ലപ്പെരിയാര്‍ വഴി കേരളത്തിന്റെ ജലവിഭവങ്ങള്‍ തട്ടിയെടുക്കുകയും, വാളയാര്‍ ചെക്ക്പോസ്റ്റു വഴി കുറഞ്ഞ വിലക്ക് പച്ചക്കറികളും പാലും ഇറച്ചിക്കോഴികളും കടത്തി കേരളത്തിന്റെ കാര്‍ഷിക വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുകയും ചെയ്തതിനു പുറമേ, ഇപ്പോള്‍ നമ്മുടെ പൈതൃകമായ സമ്പ്രദായങ്ങളെ കച്ചവടവല്‍ക്കരിച്ച് മുതലെടുക്കുവാനുള്ള തമിഴ്നാടിന്റെ അത്യന്തം ഹീനമായ ശ്രമം.. "വേണ്ട.." ഉള്ളില്‍ തികട്ടി വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു.


വണ്ടി സ്റ്റാര്‍ട്ട് ചെയ്തു വീട്ടിലേക്കു തിരിക്കുമ്പോള്‍ മനസ്സ് ചെറിയ ഫ്ലാഷ്ബാക്ക് മെമ്മറിയിലോട്ടു പ്രവേശിച്ചു കഴിഞ്ഞിരുന്നു. പണ്ടൊക്കെ ഡിസംബര്‍ ഇരുപത്തിനാലാം തീയതിയെന്നാല്‍ ഉല്‍സാഹങ്ങളുടെ ദിവസമാണ്. വളരെ നേരത്തെ തന്നെ എഴുന്നേല്‍ക്കും. വീടിനു മുമ്പിലായ് നില്‍ക്കുന്ന മങ്കോസ്റ്റിന്‍ മരത്തിന്റെ ചുവട്ടിലായാണ് പുല്‍ക്കൂട് തയ്യാറാക്കുന്നത്. ചേട്ടനാണ് പുല്‍ക്കൂടിന്റെ ആര്‍ക്കിടെക്ട്. രാവിലെ തന്നെ വാഴനാരുകള്‍ പറിച്ച് കുതിരുവാനായി വെള്ളത്തിലിടുകയാണ് എന്റെയും ചേച്ചിയുടേയും ആദ്യത്തെ ഡ്യൂട്ടി. വെള്ളത്തില്‍ കിടന്ന് വാഴുനാരുകള്‍ ബലം വച്ച് നല്ല ഒരു 'ബൈന്‍ഡിങ് വയറാകും'. തൂമ്പയുടെ ഉപേക്ഷിക്കപ്പെട്ട കൈകള്‍ ആണ് പുല്‍ക്കൂടിന്റെ കാലുകള്‍ ആകുക. മണ്ണില്‍ കുഴിയെടുക്കുന്നതും അതില്‍ കാലുകള്‍ ഇറക്കിവച്ച് വെട്ടുകല്ലിന്റെ കഷണങ്ങള്‍ നിറച്ച് ഉറപ്പിക്കുന്നതുമെല്ലാം ചേട്ടനാണ്. കുഴിയിലിടാനുള്ള വെട്ടുകല്ലിന്റെ കഷണങ്ങള്‍ പറമ്പിന്റെ സകല വശങ്ങളിലും നടന്ന് അന്വേഷിച്ച് കൊണ്ടുവരുന്നത് ഞാനും ചേച്ചിയും കൂടിയായിരിക്കും. ഇങ്ങനെ  ഉറപ്പിച്ച രണ്ടു കാലുകളും മങ്കോസ്റ്റിന്റെ തായ്ത്തണ്ടും കൂടി ത്രികോണാകൃതിയില്‍ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കും. അതിനു മുകളിലായി ചീമ്പി വൃത്തിയാക്കിയ മരക്കൊള്ളിയുടെ കമ്പുകളും വാഴനാരുകളും കൊണ്ട് മേല്‍ക്കൂരയുടേയും വശങ്ങളുടേയും ചട്ടക്കൂട് തയ്യാറാക്കും. അപ്പോഴേക്കും ഏകദേശം ഉച്ചസമയമായിട്ടുണ്ടാകും.


ഭക്ഷണത്തിനു ശേഷം ചെറിയ വിശ്രമം.. വൈക്കോല്‍ കൊണ്ട് മേല്‍ക്കൂര മേയുകയും പുല്ല്കട്ടകള്‍ പ്ലാറ്റ്ഫോമില്‍ പാകുകയുമാണ് അടുത്ത പരിപാടി. വീട്ടില്‍ പശുവളര്‍ത്തല്‍ ഇല്ലാത്തതിനാല്‍ വൈക്കോല്‍ പടിഞ്ഞാറേ വീട്ടില്‍ നിന്നാണ് എടുക്കുക. ഒരു മുടി വൈക്കോല്‍ എടുത്താല്‍ പുല്‍ക്കൂട് മൊത്തം മേയാനുള്ളത് ഉണ്ടാകും. ചേട്ടനും ഞാനും കൂടിയാണ് പുല്ല് ചെത്താന്‍ പോകുന്നത്. സൈക്കിളിന്റെ പുറകില്‍ തൂമ്പയും കുട്ടയും പിടിച്ച് ഞാനിരിക്കും. തൊട്ടടുത്തു തന്നെയുള്ള പാടത്ത് തൂമ്പ കൊണ്ട് മണ്ണോടെ തന്നെ ചെറിയ പുല്ല്കട്ടകള്‍ ചെത്തിയെടുത്ത് കുട്ടയിലാക്കും. പിന്നെ സൈക്കിളിന്റെ പുറത്ത് കയറ്റി വീട്ടിലെത്തിക്കും. പുല്ല് പാകിക്കഴിഞ്ഞാല്‍ പിന്നെ അലങ്കാരപ്പണികള്‍ തുടങ്ങും. പച്ചിലകളും ബലൂണും വര്‍ണ്ണക്കടലാസ്സുകളും കൊണ്ട് പുല്‍ക്കൂട് മൊത്തം അലങ്കരിക്കും. ചേട്ടന്‍ അപ്പോഴേക്കും കളിമണ്ണ് കുഴച്ച് പരത്തി പുല്‍ക്കൂടിനകത്തെ 'റോഡ് നെറ്റ് വര്‍ക്ക്' രൂപപ്പെടുത്തുന്ന തിരക്കിലായിരിക്കും. കുനിയാനുറുമ്പിന്റെ മാളത്തിലെ മണ്ണാണ് ഇതിനുപയോഗിക്കുക.


ഇതെല്ലാം കഴിഞ്ഞ് ഒരു കുളിപാസ്സാക്കിയതിനു ശേഷമാണ് ഉണ്ണിസെറ്റ് തട്ടിന്‍പുറത്തു നിന്ന് ഇറക്കുക. ഉണ്ണിയേശുവിനേയും മാതാവിനേയും യൗസേപ്പിതാവിനേയും ആട്ടിടയന്മാരേയും രാജാക്കന്മാരേയും ആട്ടിന്‍ കുട്ടികള്‍ , പശുക്കിടാവുകള്‍ , ഒട്ടകം മുതലായ രൂപങ്ങളേയും അതാതു സ്ഥാനങ്ങളില്‍ നിരത്തിവയ്ക്കും. അപ്പോഴേക്കും കരോളിനു പോകാന്‍ സമയമായിട്ടുണ്ടാകും.


മെമ്മറി പ്രെസന്റ് ടെന്‍സിലെത്തിയപ്പോഴേക്കും വണ്ടി വീട്ടിലെത്തിയിട്ടുണ്ടായിരുന്നു. വീട്ടിലെത്തിയതും മമ്മിയോട് മാര്‍ക്കറ്റിലെ തിരക്കിനെ പറ്റിയും റെഡിമെയ്ഡ്പുല്‍ക്കൂടിനെപ്പറ്റിയും വിവരിച്ചു. പിന്നെ പഴയ പോലെ മരക്കൊള്ളിയും വൈക്കോലും കൊണ്ട് ഒരു പുല്‍ക്കൂട് ഉണ്ടാക്കുന്നതിനായി ഒരുക്കങ്ങള്‍ തുടങ്ങി. " അതിനിപ്പോ, മരക്കൊള്ളി എവിടുന്നു കിട്ടാനാണ്.. പിന്നെയുള്ളത് ആ പേരയായിരുന്നു. അതാണെങ്കില്‍ ടെറസ്സില്‍ കരിയില വീഴുന്നതു കാരണം കഴിഞ്ഞമാസം ഡാഡി വെട്ടിയൊതുക്കിയിരിക്കുകയാണ്." ശരിയാണ്, നാണം മറയ്ക്കാനുള്ള ഇലകള്‍ പോലുമില്ലാതെ വിളറി വെളുത്ത് നില്‍ക്കുകയാണ് പേര. ഇനിയിപ്പോള്‍ വല്ല തെങ്ങിന്‍ പട്ട കൊണ്ടും അഡ്ജസ്റ്റ് ചെയ്യാം. അല്പം ഭംഗി കുറവായിരിക്കും. എന്തായാലും പുല്‍ക്കൂടു നിര്‍മാണത്തിനു മുമ്പു തന്നെ അസംസ്കൃതവസ്തുക്കളെപ്പറ്റി ഒരു അന്വേഷണം അനിവാര്യമാണെന്ന് എനിക്കു തോന്നി. കരിഞ്ഞതും ചീഞ്ഞതുമായ പുല്ലുകളും മരക്കൊമ്പുകളുമാണ് എന്നെ വരവേറ്റത്. വൈക്കോല്‍ എന്ന 'വസ്തു' പല വീട്ടിലേയും കുട്ടികള്‍ കണ്ടിട്ടു പോലുമില്ലത്രേ...



നിരാശയോടെ വീട്ടില്‍ തിരിച്ചെത്തിയ എന്റെ മുമ്പില്‍ മോഹന്‍ലാലിന്റെ ഏതോ പുതിയ സിനിമയും കണ്ട് പൊട്ടിച്ചിരിക്കുന്ന (അതോ കരയുന്നോ?) ഡാഡിയും മമ്മിയും.. എന്റെ വിഷമം കണ്ട് അവര്‍ പറഞ്ഞു. " കഴിഞ്ഞ 1-2 വര്‍ഷമായി ഇവിടെയുള്ള മിക്കവാറും വീടുകളില്‍ റെഡിമെയ്ഡ് പുല്‍ക്കൂടുകളാണ്. അതാണെങ്കില്‍ ഒരു തവണ വാങ്ങിച്ചാല്‍ 4-5 വര്‍ഷം സുഖമായി ഉപയോഗിക്കാം." ഇതു കേട്ട ഞാന്‍ സാംസ്കാരിക പൈതൃകത്തെപ്പറ്റിയും അത് അടുത്ത തലമുറകളിലോട്ടു പകര്‍ന്നു കൊടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വാചാലനായി. "എടാ.. സാംസ്കാരിക പൈതൃകം എന്ന്  നമ്മള്‍ പറയുന്ന പല കാര്യങ്ങളും ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചാണ് ഇന്നു കാണുന്ന രൂപത്തിലോട്ട് മാറിയത്. എന്റെയൊക്കെ ചെറുപ്പകാലത്ത് ഉണ്ടായിരുന്ന ആ ക്രിസ്തുമസ്സ് അല്ല നീയൊക്കെ കുട്ടിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നും വളരെ വിഭിന്നമായിട്ടായിരിക്കും ഇപ്പോഴത്തെ ആഘോഷങ്ങള്‍ . ഈ പുല്‍ക്കൂട് നിര്‍മ്മിക്കുന്ന കീഴ്വഴക്കവും ആചാരവുമൊക്കെ തന്നെ പോര്‍ച്ചുഗീസുകാര്‍ ഇവിടെ വന്നപ്പോഴല്ലേ നമുക്കു മനസ്സിലായത്. എല്ലാറ്റിനും കാലികമായ മാറ്റങ്ങള്‍ അനിവാര്യമാണ്". ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. ഇനി റെഡിമെയ്ഡ് പുല്‍ക്കൂട് തന്നെ ശരണം.

ടൗണിലേക്കു ചെന്ന എനിക്കു മുമ്പില്‍ ഭാഗ്യത്തിന് രാവിലെ കണ്ട പയ്യന്‍ നില്‍ക്കുന്നു. നൂറു രൂപയുടെ രണ്ടു നോട്ടുകള്‍ അവന്റെ കയ്യില്‍ വച്ചു കൊടുത്തു. ഉടനെ അവന്‍ സംശയഭാവത്തില്‍ എന്നെ ഒന്നു നോക്കി. " അയ്നൂറു കൊട്.."  "അഞ്ഞൂറു രൂപയോ? രാവിലെ ഇരുന്നൂറായിരുന്നല്ലോ..?" "കാലേയില് ഇരുന്നൂറ്, മധ്യാഹ്നം മുന്നൂറ്, സായന്തരം അത് വന്ത് അയ്നൂറു റൂപാ ആച്ച്. ഡിമാന്റ് വന്ത് റൊമ്പ ജാസ്തി.." അവന്‍ പറഞ്ഞത്രയും എണ്ണിക്കൊടുക്കുമ്പോള്‍ ഡാഡി പറഞ്ഞ കാര്യമാണ് ഓര്‍ത്തത് -എല്ലാറ്റിനും കാലികമായ മാറ്റങ്ങള്‍ അനിവാര്യമാണ്- അതെ, 'പുല്ല്കൂടി'ന്റെ വിലയ്ക്കും അതു തന്നെ സംഭവിച്ചിരിക്കുന്നു...

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

കളിപ്പേര്



കളിപ്പേര് അഥവാ ചെല്ലപ്പേര് ഇടുന്നതിലും പ്രചരിപ്പിക്കുന്നതിലും വാപ്പാലശ്ശേരിയിലെ ആള്‍ക്കാരുടെ കഴിവ് അപാരം തന്നെയാണ്. അതു കൂടുതല്‍ സംസാരിക്കുന്നവനായാലും, കുറച്ചു സംസാരിക്കുന്നവനായാലും ഇനി, അഥവാ.. ഒന്നും സംസാരിക്കാത്തവനായാലും, ആണായാലും പെണ്ണായാലും, കൊച്ചു ചെറുക്കനായാലും വടി കുത്തി നടക്കുന്ന അപ്പാപ്പനായാലും ഒരാള്‍ക്ക് മിനിമം ഒരു കളിപ്പേരെങ്കിലും കാണും.

വാപ്പാലശ്ശേരിയുടെ കളിത്തൊട്ടിലായ കയ്യാലപ്പടിയിലാണ് ഇതില്‍ പ്രത്യേക വൈദഗ്ദ്യം നേടിയ തലതൊട്ടപ്പന്മാരുടെ സീറ്റ്. കയ്യാലപ്പടിയെക്കുറിച്ച് പറയുകയാണെങ്കില്‍...വാപ്പാലശ്ശേരിയുടെ സ്പന്ദനമായ കയ്യാലപ്പടി.. തൊഴിലുള്ളതും ഇല്ലാത്തതുമായ എല്ലാ ചെറുപ്പക്കാരും ജാതി, മത, ഭാഷാ, വര്‍ഗ്ഗ, വര്‍ണ്ണ ഭേദമന്യേ ഒത്തു കൂടുന്ന സ്ഥലം.. തലേ ദിവസത്തെ 'വിനോദി'ലെ നൂണ്‍ഷോ മുതല്‍ ഇറാക്ക് യുദ്ധം വരെ ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥലം... അങ്ങനെ കയ്യാലപ്പടിയിലെ മതിലില്‍ നിരന്നിരിക്കുന്ന ഈ പറയുന്ന തലതൊട്ടപ്പന്മാരാണ് വാപ്പാലശ്ശേരിയിലെ മിക്കവാറും കളിപ്പേരുകള്‍ ഇടുന്നതും പ്രചരിപ്പിക്കുന്നതും.

ഇങ്ങനെ കളിപ്പേരുകള്‍ വന്നു വീഴുന്നതും ഉറയ്ക്കുന്നതും മിക്കവാറും യാദൃശ്ചികമായിരിക്കും..നാട്ടിലെ എല്ലാ ചെറിയ കുട്ടികളോടും ചുമട്ടുകാരോടും പി. ഡി. ഡി. പി. ഡയറിയില്‍ പാല്‍ കൊടുക്കാന്‍ വരുന്ന ചേച്ചിമാരോടും കമ്പ്യൂട്ടറിനെ കുറിച്ച് എല്ലാ ദിവസവും കവലക്കല്‍ വന്നു ക്‍ളാസ്സ് എടുത്തതു കൊണ്ടാണത്രേ ഒരു കൂട്ടുകാരന് 'ജീ.ബി.' എന്ന പേര് വന്നത്. അതു പിന്നെ ചുരുങ്ങി ചുരുങ്ങി ഇപ്പോള്‍ 'ജീവി' എന്നായിട്ടുണ്ട്. സ്ഥലത്തെ പ്രധാന പയ്യന്‍സ് ആയ സഖാവിന്റെ സോഡാഗ്ലാസ്സിനുള്ളിലെ കണ്ണുകളെ നോക്കി 'സബോളക്കണ്ണന്‍' എന്നു വിളിച്ചത് ആരാണെന്നു കൃത്യമായി ഓര്‍ക്കുന്നില്ല.

രാത്രിയായാല്‍ അയല്പക്കത്തെ അഴയില്‍ നിന്നും അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നവനെ 'അണ്ടര്‍ ടേക്കര്‍' എന്നും അപ്പുറത്തെ വീട്ടില്‍ നിന്നും തേങ്ങാ മോഷ്ടിച്ച് ഷര്‍ട്ടിനടിയില്‍ ഒളിപ്പിച്ചവനെ 'ഗര്‍ഭം' എന്നും പേരിട്ടത് ആരാണാവോ?..
റിട്ടയേര്‍ഡ് എം‌പ്ലോയീസ് അസ്സോസ്സിയേഷന്‍ എന്നു 'ഫോമി'ല്‍ പേരിട്ട ക്‍ളബിനെ വയസ്സന്‍ ക്‍ളബ്ബ് എന്നു വിളിച്ചതും ആരാണെന്ന് അറിയില്ല...

ചില പേരുകളാണെങ്കില്‍ അപ്പനപ്പൂപ്പന്മാരായിട്ട് കൈമാറി വരുന്നവയാണ്. പല ടൈപ്പിലുള്ള ജീവികളുടെ പേരില്‍ അറിയപ്പെടുന്ന ഇത്തരക്കാരുടെ കളിപ്പേര് മനസ്സിലോര്‍ത്ത് ഒന്നു മുഖത്തേക്ക് നോക്കിയിട്ട് ചിരിക്കാതെ ഇരുന്നാല്‍ അവസാനം 'ഫ്രണ്ട്സി'ല്‍ ശ്രീനിവാസന് പറ്റിയ പോലെയാകും...

എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ വന്നു വീഴുന്ന ചില പേരുകളുണ്ട്. വളരെ നിര്‍ദ്ദോഷമെന്നു തോന്നുമെങ്കിലും വന്‍പാരയാകാന്‍ സാദ്ധ്യതയുണ്ട് ചിലതിന്. വാപ്പാലശ്ശേരിയുടെ ബ്യൂട്ടിയായ കുമാരി ഉമയുടെ കഥ ഏകദേശം ഈ വിഭാഗത്തില്‍ പെടും. നന്നെ ചെറുപ്പത്തില്‍ തന്നെ ബഡായിയടിയില്‍ ഡോക്റ്ററേറ്റ് എടുത്ത കുമാരി ഉമ ഒരു രക്ഷയുമില്ലാത്ത വിധത്തില്‍ ലോജിക്‌ലെസ്സായ നുണകള്‍ പറയുന്നതില്‍ തന്റെ വൈദഗ്ദ്യം തെളിയിച്ചിരുന്നു (പഴമക്കാര്‍ പറയുന്നത് വിത്തു ഗുണം പത്തു ഗുണം എന്നാണ്, അപ്പനായ വര്‍ക്കിച്ചേട്ടന്‍ സമ്മതിക്കില്ലെങ്കിലും).

നഴ്സറിയില്‍ വരുന്ന തന്റെ സതീര്‍ത്യരോട് ത്ന്റെ വീട്ടില്‍ ബിസ്കറ്റ് തൂറുന്ന പട്ടിയുണ്ടെന്നും, പതിനഞ്ച് ബോഗിയുള്ള ട്രെയിന്‍ ഉണ്ടെന്നും, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരുന്നതിനു മുമ്പ് തന്നെ എല്ലാ ഇന്റര്‍ നാഷ്ണല്‍ ഫ്ലൈറ്റുകളും വാപ്പാലശ്ശേരിയിലെ തന്റെ വീട്ടില്‍ വന്നതിനു ശേഷം മാത്രമേ ടേക് ഓഫ് ചെയ്തിരുന്നുള്ളുവെന്നും പറഞ്ഞു വയ്ക്കും. ഇതു കേട്ട് എട്ടും പൊട്ടും തിരിയാത്ത പിള്ളേര് സെറ്റ് മൊത്തം വീട്ടില്‍ ചെന്ന് ബിസ്കറ്റ് തൂറുന്ന പട്ടിക്കു വേണ്ടി സത്യാഗ്രഹം കിടക്കുകയും അവസാനം, സഹികെട്ട് എല്ലാ അപ്പന്മാരും അമ്മമാരും, അപ്പച്ചന്മാരും അമ്മച്ചിമാരും, ഡാഡികളും മമ്മികളും നഴ്സറിയിലേക്ക് ഒരു ജാഥ നടത്തുകയും ചെയ്തത്രേ..


അന്നത്തെ ജാഥയ്ക്ക് ശേഷം കൂടിയ യോഗത്തില്‍ വച്ച് കുമാരി ഉമക്ക് ഉചിതമായ ഒരു ചെല്ലപ്പേര് ഇടുവാന്‍ തീരുമാനിക്കുകയും ആ ജോലി കയ്യാലപ്പടിയിലെ തലതൊട്ടപ്പന്മാര്‍ക്ക് കൈമാറുകയും ചെയ്തു. അങ്ങനെ കുമാരി ഉമക്ക് ഒരു കളിപ്പേര് ഉണ്ടാവുകയും അത് അവരോടൊപ്പം വളര്‍ന്നു വരികയും ചെയ്തു.

പക്ഷെ, പാരകള്‍ വന്നത് പില്‍ക്കാലത്താണ്. ആള്‍ക്ക് കല്യാണപ്രായമായി. ഒരു പാട് ആലോചനകള്‍ വന്നു. എല്ലാവരും കയ്യാലപ്പടിക്കല്‍ വന്ന് വീട് ചോദിക്കും. "വര്‍ക്കി പി. എന്‍., പൈനാടത്ത് ഹൗസ്സ്" എന്നൊക്കെ ചോദിക്കുമ്പോഴേക്ക് ആരെങ്കിലും പറയും.. "ഇതു നമ്മുടെ '------ ഉമ'യുടെ വീടല്ലേ?" ഇതു കേട്ട പാതി കേള്‍ക്കാത്ത പാതി, പെണ്ണന്വേഷിച്ചു വന്നവര്‍ ജീവനും കൊണ്ട് രക്ഷപ്പെടും.

അവരേയും പറഞ്ഞിട്ട് കാര്യമില്ല.. ഇന്നത്തെ കാലത്ത് "വെടിഉമ" എന്ന പേരൊക്കെ കേട്ടാല്‍ പിന്നെ അവര്‍ എന്തോ ചെയ്യും????

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

മിനിക്കഥ- മാട്രിമൊണി



ഒരുത്തിയും തിരിഞ്ഞു നോക്കാത്ത എന്റെ മാട്രിമൊണി അക്കൗണ്ടില്‍ ഇന്നു മെയിലുകളുടെ പ്രവാഹം!!!!! കാരണമെന്തെന്നറിയുമോ?????? ഹോബി ലിസ്റ്റില്‍ "കുക്കിങ്ങ്" ആഡ് ചെയ്തു..........

2010, ജൂലൈ 9, വെള്ളിയാഴ്‌ച

എന്റെ പ്രണയം

അവളില്‍ നിന്നൊഴുകി, ഒരു ചെറു നാളമായ്-
എന്നെ പുല്‍കിയ നിദ്രാവിഹീനത.
ഖണ്ഠിക്കാന്‍ ഞാന്‍ വാക്കുകള്‍ തേടി;
തൊണ്ടയില്‍ കുരുങ്ങിയ കൂക്കുവിളി പോലെ.

അന്നവളെനിക്കൊരു പുതിയ പുസ്തകം സമ്മാനിച്ചു,
വികാരം കൊണ്ടു പൊതിഞ്ഞ പ്രണയ പുസ്തകം;
ചിന്തകള്‍ വാക്കുകളായ് നീറിയ ഏതോ രാത്രിയില്‍
മച്ചിലേക്കു വലിചെറിഞ്ഞ അതേ പുസ്തകം.

ഇതെന്റെ ആഗ്രഹങ്ങളുടെ വിശപ്പിനുള്ള ഉത്തരമോ?
അതോ, വഴി തെറ്റിയ രാത്രിയിലൊരു റാന്തലോ?
കടല്‍ക്കാറ്റിന്റെ ഉപ്പുരസമുള്ള സായാഹ്നങ്ങളില്‍
ഞാന്‍ എന്നോടു തന്നെ ചോദിച്ച ചോദ്യം!!

വീണ അപശ്രുതി മീട്ടിത്തുടങ്ങും,
തബല അവതാളം പെരുക്കുമത്രേ!!
ജനിക്കും മുമ്പേ വിധിയെഴുതുന്നവര്‍;
ചത്തതിന്റെ ജാതകത്തേക്കാള്‍ ഭേദമത്രേ!!

എന്നിക്കു പ്രതീക്ഷ ഒരു ഭാരമായി-
അവള്‍ക്കു സ്നേഹം ഒരു ബന്ധനവും.
പക്ഷേ, ഒരാശ്വാസം; ഇവിടെ-
വിധിച്ചവനും വിധി കേട്ടവനും ഒന്നു തന്നെ.

എന്റെ പ്രണയമേ, എനിക്കു ഭയമാണ്,
ഇനിയുമൊരു കുരുതിക്കു വയ്യെനിക്ക്.
പഴയ പുസ്തകം ചിതലരിച്ചിരിക്കാം;
ചിതലുകള്‍ ഇപ്പോള്‍ ഭീകരരത്രേ!!